Friday, October 22, 2010

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്

മലയാള സിനിമ ഗാന ശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം 1981 നല്ല ഗാനങ്ങള്‍ക്ക് ക്ഷാമം നേരിട്ട വര്‍ഷം ആയിരുന്നു എന്ന്. malayalasangeetham.info എന്നാ സൈറ്റ് പരിശോധിച്ചാല്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കും സ്ഥിരീകരിക്കാം. രണ്ടറ്റവും പരിശോധിച്ചപ്പോള്‍ എനിക്ക് ആകെ 2 ചിത്രങ്ങളുടെ പേരെ മനസ്സില്‍ സ്പര്ശിച്ചുള്ളൂ-തൃഷ്ണയും തേനും വയമ്പും. ഈ ബ്ലോഗ്ഗില്‍ ഓരോ വര്‍ഷത്തെയും നാല് ഗാനങ്ങള്‍ വീതം തിരഞ്ഞെടുക്കേണ്ട ഗതികേട് ഞാന്‍ നേരിടുന്നു. സന്മനസ്സുള്ളവര്‍ക്ക് സഹായിക്കാം.

തല്‍കാലം നമുക്ക് തൃഷ്ണയെ കീറിമുറിക്കാം

മ്യൂസിക്‌ : ശ്യാം

ആലാപനം : യേശുദാസ്

വരികള്‍ : ബിച്ചു തിരുമല

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ


ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

വരികള്‍ക്ക് സംസ്ഥാന അവാര്‍ഡ്‌ ബിച്ചുവിനു ഈ ഗാനവും "ഒറ്റ കമ്പി നാദവും " ചേര്‍ന്ന് നേടി കൊടുത്തു.

പക്ഷെ കമ്പ്ലീറ്റ്‌ പാക്കേജ് ആയി കണക്കാക്കിയാല്‍ ഇത് അത്ര മഹത്തരമായ ഗാനമാണോ ? എനിക്ക് സംശയമുണ്ട്‌. സിറ്റുവേഷന്‍ എന്താണെന്ന് അറിയില്ല. പക്ഷെ സംഗീതത്തെ കുറിച്ചുള്ള ഒരു ഗാനം എന്നനിലക്ക്‌ ഇതിനെക്കാളും എത്രയോ മികച്ച ഗാനങ്ങള്‍ പില്‍കാലത്ത് ഇറങ്ങിയിട്ടുണ്ട് (ഉദാ: സംഗീതമേ അമര സല്ലാപമേ, ദേവകന്യക സൂര്യതംബുരു എന്നിവ) . പക്ഷെ ശ്യാം ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വയലിന്‍ ബിട്സ് വളരെ ഹൈ ക്വാളിറ്റി ആണ് എന്ന് സമ്മതിക്കേണ്ടി ഇരിക്കുന്നു. ആലാപനവും നന്ന്.

അവസാന വാക്ക് : തമ്മില്‍ ഭേദം തൊമ്മന്‍ എന്നാവും അവാര്‍ഡ്‌ നല്‍കിയവര്‍ ചിന്തിച്ചത് . അല്ലാതെ ഇത് അത്ര മഹത്തരമായ ഗാനമാണെന്നു എനിക്ക് അഭിപ്രായമില്ല.

Friday, October 8, 2010

ഒരു രചയിതാവിന്റെ വരവും സംഗീത സംവിധായകന്റെ 'തിരിച്ച്'വരവും

പറഞ്ഞു വന്നത് ആയിരത്തി തൊള്ളായിരത്തി എന്ന്പതിന്റെ കാര്യമാണ്. ഒരു പാട്ടും കൂടെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ആകെ ഇത്ര പാട്ടെ ഉള്ളോ എന്ന് ചോദിച്ചാല്‍ പിന്നെ എല്ലാ പാട്ടും കൊള്ളാം എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

ദേവരാജന്‍ മാഷിനു സ്വന്തം പ്രതാപകാലം നഷ്ട്ടപ്പെട്ടു തുടങ്ങിയ സമയത്തിലൂടെ ആണ് നമ്മള്‍ യാത്ര ചെയ്യുന്നത്. തന്റെ വേണ്ടത്ര സ്റ്റോക്ക്‌ എല്ലാം മാഷ്‌ എഴുപതുകളില്‍ ഉപയോഗിച്ച് കഴിഞ്ഞു തുടങ്ങിയിരുന്നു . എങ്കിലും മരുന്നിനു ചിലത് എന്പതുകള്‍ക്ക് വേണ്ടി അദ്ദേഹം മാറ്റി വെച്ചു. അത്തരം ഒരു ലിസ്റ്റ് ഉണ്ടാക്കുകയാനെങ്ങില്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ഗാനം "ശാലിനി എന്റെ കൂട്ടുകാരി" എന്ന ചിത്രത്തിലൂടെ പുറത്തു വന്നതായിരിക്കും.

ഒരു സിനിമയും അതിലെ ഗാനവും ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയി മാറുക എന്നതിന്‌ ശാലിനി ഒരു ഉത്തമ ഉദാഹരണം ആകുന്നു. ഈ ചിത്രത്തിന് ശേഷം വേണു നാഗവള്ളിയുടെ നേതൃത്വത്തില്‍ മലയാള സിനിമയുടെ നായകന്മാരെല്ലാം തന്നെ നിരാശാ കാമുകരുടെ സംസ്ഥാന സമ്മേളനം തന്നെ നടത്തുകയല്ലായിരുന്നോ ? വലിയ ചിലവില്ലാത്ത പരിപാടിയായിരുന്നു അന്ന് നടന്മാര്‍ക്ക് അഭിനയകല : മുഖത്തില്‍ നവരസങ്ങളില്‍ ശാന്തം മാത്രം പുറത്തെടുത്താല്‍ മതിയായിരുന്നല്ലോ.


Musician G ദേവരാജന്‍ (ജി ദേവരാജന്‍ )
Lyricist(s) MD Rajendran (എം ഡി രാജേന്ദ്രന്‍ )
varsham 1980
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

സുന്ദരീ....
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു (നിന്‍ തുമ്പു..)
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന്‍ തുമ്പു..)
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ.....




ഈ ഗാനം ആദ്യം ശ്രവിച്ചപ്പോള്‍ ONV യുടെ രചന ആണ് എന്നായിരുന്നു ധാരണ(മിഥ്യാ). പക്ഷെ ONV യുടെ പാട്ടുകളില്‍ എത്ര കടുത്ത പ്രയോഗങ്ങള്‍ ഉണ്ടായാലും സാധാരണ മനുഷ്യന് മനസിലാവുന്ന ഭാഷ ആയിരിക്കും. എന്നാല്‍ ഈ ഗാനത്തിന്റെ രണ്ടാം ചരണം കേട്ടപ്പോള്‍ ഉറപ്പിച്ചു ONV ആയിരിക്കില്ല എന്ന്. രാജേന്ദ്രന് തുടക്കത്തിന്റെ ആവേശമായിരുന്നു എന്നുറപ്പ്. എന്ത് കൊണ്ടോ അദ്ദേഹം ഈ മേഘലയില്‍ അത്ര സജീവം അല്ല. പക്ഷെ ഇത്രയും നല്ല വരികള്‍ സ്വന്തം യൌവ്വനത്തില്‍ എഴുതിയ രാജേന്ദ്രന്‍ എന്ത് കൊണ്ട് അനുഭവം പാഠം ആക്കി ഇപ്പോഴും എഴുതുന്നില്ല ? മലയാള സിനിമയില്‍ കോക്കസ്സുകള്‍ സജീവമാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഏതായാലും രണ്ടാം ചരണം ആരെങ്ങിലും ഒന്ന് വിശദമാക്കി തന്നാല്‍ സന്തോഷം.എനിക്ക് ഏതായാലും ഒന്നും മനസിലായില്ല.
നിശ്ചയമായും പറയാം ഈ ഗാനം MD രാജേന്ദ്രന് നല്‍കിയത് ജന്മമാനെങ്ങില്‍ ദേവരാജന്‍ മാഷിനു നല്‍കിയത് പുനര്‍ജ്ജന്മം ആയിരുന്നു.

അവസാന വാക്ക് : ഇത് വായിചിട്ടെങ്ങിലും രാജേന്ദ്രന്‍ മാഷേ പ്ലീസ് സ്വന്തം തൂലിക കയ്യിലെടുക്കു.