Thursday, December 30, 2010

വീണ്ടും ഒരു സുവര്‍ണ്ണ കാലത്തേക്ക്

മലയാള സംഗീത ശാഖ ദൌര്‍ലഭ്യം നേരിട്ട വര്‍ഷമായിരുന്നു 1981എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ. എന്നാല്‍ സ്വന്തം സുവര്‍ണകാലത്തേക്ക് മടങ്ങി വരുകയായിരുന്നു 1982ല്‍ . ഈ വര്‍ഷം നമുക്ക് ഒരു പിടി ഗാനങ്ങള്‍ ആണ് നല്‍കിയത്. സംഗീത സംവിധായകരും രചയിതാക്കളും കാണിച്ച maturity പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ചില്ലിലെ എല്ലാ ഗാനങ്ങളും തന്നെ മനോഹരം ആയിരുന്നു. കൂട്ടത്തില്‍ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടത്‌ ചുവടെ കൊടുത്തിരിക്കുന്ന ഗാനം ആണ്.

Musician MB Sreenivasan (എം ബി ശ്രീനിവാസന്‍ )
Lyricist(s) ONV Kurup (ഓ എന്‍ വി കുറുപ്പ് )
Year 1982
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു..
ചാരു ചിത്രം വരയ്ക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍
കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ സൌവര്‍ണ്ണം
ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ


MBS-ONV ഒരിക്കലും നിറം മങ്ങാത്ത കൂട്ടുകെട്ട് ആണ് എന്ന് നിസ്സംശയം പറയാം. ONV യുടെ ഏറ്റവും മികച്ച ഗാനങ്ങള്‍ MBS ആണ് ചിട്ടപ്പെടുത്തിയത് എന്ന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
ഈ ഗാനത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് വരികളും സംഗീതവും തമ്മിലുള്ള ബാലന്‍സ്. എത്ര മനോഹരമായാണ് MBS ഇതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഗാനത്തിന്റെ ഇടയില്‍ വരുന്ന പുല്ലാങ്കുഴല്‍ ബിട്സ് എക്സ്ട്രാ ഓര്‍ഡിനറി എന്നെ പറയാനാവൂ. അത് പോലെ തന്നെ ദാസേട്ടന്‍ ഹുംമിങ്ങിനു നല്‍കുന്ന ഫീല്‍ അത്യപൂര്‍വമായെ ഇപ്പോഴത്തെ ഗാനങ്ങളില്‍ കേള്‍ക്കനാവൂ. ഗാനത്തിന്റെ ചരണങ്ങള്‍ രണ്ടും ആരോഹണത്തില്‍ ആണ് ചിട്ടപ്പെടുതിരിക്കുന്നത്. ഒന്ന് പാടാന്‍ ശ്രമിച്ചു നോക്ക് ; നിങ്ങളുടെ ശ്വാസോച്ച്വാസത്തെ ഒന്ന് വെല്ലുവിളിക്കും ഈ ഗാനം. എങ്കിലും, ഒരു സാധാരണ കേള്വിക്കാരന്റെ ചേതനയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ വരികളുടെ സാഹിത്യത്തില്‍ ഇല്ല എന്നത് പ്രശംസനീയം തന്നെ. എനിക്ക് തോന്നുന്നു ഈ ഒരു ക്വാളിറ്റി ONV ക്ക് മാത്രം അവകാശപ്പെട്ടത് ആണ് എന്ന്. ഒരു പക്ഷെ ഈ വര്‍ഷം ഒരു പാട് നല്ല ഗാനങ്ങള്‍ പിറന്നത്‌ കൊണ്ടാവാം ഈ ഗാനത്തിന് അവാര്‍ഡുകള്‍ ഒന്നും കിട്ടാഞ്ഞത്.
പിന്കുറിപ്പ് : 1955 മുതല്‍ മലയാള സിനിമ ശാഖയില്‍ ഗാനരചന തുടങ്ങിയ ONV ഏതായാലും അതിനും എത്രയോ മുന്‍പ് തന്നെ കവി അരങ്ങുകളില്‍ സജീവം ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടാന്‍ 2010 വരെ കാത്തിരിക്കേണ്ടി വന്നു. ജഗദീശ്വരന്‍ അദ്ദേഹത്തിന് ആയുസ്സ് നല്കിയിരുന്നില്ലെങ്ങില്‍ നമ്മുടെ ഭരണ ഘടന ചെയ്ത ഏറ്റവും വലിയ ചതി ആയി പോയേനെ.

Monday, December 6, 2010

കുളത്തൂപുഴ രവിയില്‍ നിന്ന് രവീന്ദ്രനിലേക്ക്

1981 മുന്‍പ് സൂചിപ്പിച്ച പോലെ മലയാള സിനിമ സംഗീതത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ പഞ്ഞ വര്‍ഷം ആയിരുന്നു . എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ട ഒറ്റ ചിത്രം പോലും ഇറങ്ങിയിട്ടുണ്ടാവില്ല ഈ വര്‍ഷം . ഇതിന് ഒരു അപവാദം ആയിരുന്നു തേനും വയമ്പും എന്ന ചിത്രം. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹൃദയ സ്പര്‍ശിയായി നില കൊള്ളുന്നു. എങ്കിലും കൂട്ടത്തില്‍ ഏറ്റവും മികച്ചത് ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും "ഒറ്റ കമ്പി നാദം" എന്ന്.

തേനും വയമ്പും
Musician (രവീന്ദ്രന്‍ )
Lyricist(s) (ബിച്ചു തിരുമല )
Year 1981
Singer(s) (കെ ജെ യേശുദാസ് )


ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാ ഗാനം ഞാന്‍ (ഒറ്റക്കമ്പി)
ഏക ഭാവം ഏതോ താളം
മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍
ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ (ഒറ്റക്കമ്പി)
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ )
എന്നും ഉള്ളിലെ ദാഹമെങ്കിലും (ഒറ്റക്കമ്പി)
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും (ഒറ്റക്കമ്പി)


സംഗീതത്തെ സംബന്ധിച്ച ക്വിസ് മത്സരങ്ങളില്‍ ഇപ്പോള്‍ സ്ഥിരം മുഴങ്ങി കേള്‍ക്കുന്ന ചോദ്യമാണ് "രവീന്ദ്രന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമേത് " എന്നത്. ഇക്കാലത്ത് സംഗീത പ്രേമികള്‍ നിസ്സംശയം ഉത്തരം പറയും "ചൂള" എന്ന്. രവീന്ദ്രന്‍ പ്രശസ്തി കൈ വരിച്ചതിനു ശേഷം മാത്രം ആണ് ചൂളയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. ചൂള ഇറങ്ങിയ കാലത്ത് അത്ര ഹിറ്റ്‌ ആയിരുന്നില്ല എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. രവീന്ദ്രന്‍ രവീന്ദ്രനായി അറിയപ്പെടാന്‍ തുടങ്ങിയത് തേനും വയമ്പും ഇറങ്ങിയതിനു ശേഷമാണ്. പില്‍കാലത്ത് hit maker എന്ന ലേബല്‍ രവീന്ദ്രന് ആദ്യമായി നേടിക്കൊടുത്തത് ഈ ചിത്രം തന്നെ.
ഈ ഗാനം ഇറങ്ങിയ കാലത്ത് ഒത്തിരി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഒറ്റ കമ്പിയില്‍ നിന്ന് ഒരിക്കലും നാദം ഉതിര്‍ക്കാനാവില്ല എന്നായിരുന്നു വിമര്‍ശനം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഏക്താര എന്ന ഉപകരണം ഒറ്റ കമ്പിയില്‍ നിന്നാണ് നാദം ഉതിര്‍ക്കുന്നത് എന്ന സത്യം മനസിലാക്കിയാല്‍ ഈ വാദത്തിനു പ്രസക്തി ഇല്ല.

ഈ ഗാനത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. രവീന്ദ്രന്‍ മാഷ്‌ tune ഇട്ടതിനു ശേഷം ബിച്ചു തിരുമലക്ക് writer's ബ്ലോക്ക്‌ പിടിപെട്ടു. പല്ലവി മനസ്സില്‍ എന്ത് ചെയ്തിട്ടും രൂപപ്പെടുന്നില്ല. അപ്പോഴാണ്‌ ഹോട്ടല്‍ മുറിയില്‍ സ്വന്തം ചോര കുടിക്കാന്‍ വിരുന്നെത്തിയ കൊതുക് തന്നെ ശല്യം ചെയ്യുന്നതായി ബിച്ചു തിരുമലക്ക് തോന്നിയത്. കൊതുക് മൂളുന്ന രാഗം കേട്ടാണ് "ഒറ്റ കമ്പി നാദം" എന്ന പല്ലവി രൂപപ്പെട്ടത് എന്ന് പില്‍കാലത്ത് അദ്ദേഹം രേഖപ്പെടുത്തി.

എന്ത് കൊണ്ടും മനോഹരമായ ഗാനം തന്നെ. ബിച്ചു സാറിനു പല്ലവി കിട്ടാന്‍ മാത്രമേ വിഷമം ഉണ്ടായുള്ളൂ എന്ന് വ്യക്തമാക്കുന്നു ചരണങ്ങള്‍ രണ്ടും. മറ്റൊരാളുടെ മനസ്സിലേക്ക് കുടിയേറാന്‍ വെമ്പുന്ന നായകന്‍റെ ദുഃഖം മുഴുവനായും പ്രകടിപ്പിക്കുന്നതില്‍ ബിച്ചുവും രവീന്ദ്രന്‍ മാഷും വിജയിച്ചിരിക്കുന്നു.

പിന്കുറിപ്പ് : തേനും വയമ്പും എന്ന പാട്ടില്‍ "ഒറ്റ കമ്പി നാദത്തിന്റെ" BGM ഉപയോഗിച്ചിട്ടുണ്ട്. ശ്രദ്ധിക്കാന്‍ അപേക്ഷ .

Wednesday, November 24, 2010

ഇവരെ അറിയുമോ ??

മലയാള സംഗീത ലോകത്ത് അത്രയൊന്നും പരിചിതമല്ലാത്ത പേരുകളായിരിക്കും ദര്‍ശന്‍ രാമനും ബാലു കിരിയത്തും. ദര്‍ശന്‍ രാമന്‍ ബിച്ചു തിരുമലയുടെ സഹോദരന്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. ബാലു കിരിയത്തും വിനു കിരിയത്തും തമ്മില്‍ എന്താണ് ബന്ധം എന്ന് എനിക്ക് അറിയില്ല. ഏതായാലും 1981 ല്‍ ഇവര്‍ സൃഷ്ട്ടിച്ച സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന ഗാനം ഇവരുടെ 2 പേര്‍ക്കും വഴിത്തിരിവായി. ബാലു കിരിയത്ത് കന്നി സംവിധാന സംരംഭം കൂടി ആയിരുന്ന ഈ ചിത്രത്തിന് ശേഷം അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു. ദര്‍ശന്‍ രാമന്‍ തരംഗിനിക്ക് വേണ്ടി വിഷാദ ഗാങ്ങള്‍ എന്ന മനോഹരമായ ആല്‍ബവും പില്‍കാലത്ത് ചിട്ടപ്പെടുത്തി. പിന്നെ അദ്ദേഹത്തിന്റെ അഡ്രസ്‌ ഇല്ല എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.
Movie തകിലു കൊട്ടാമ്പുറം
Music Darsan Raman (ദര്‍ശന്‍ രാമന്‍ )
Lyricist(s) Balu Kiriyath (ബാലു കിരിയത്ത് )
Year 1981
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

സ്വപ്നങ്ങളേ വീണുറങ്ങൂ
മോഹങ്ങളെ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..
ജീവിതമാകുമീ വാഗ്മീകത്തിലെ
മൂക വികാരങ്ങള്‍ വ്യര്‍തമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കഥനത്തിലെക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)
ചപല വ്യമോത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ധമല്ലേ
ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനസ്സേ മനുഷ്യാ നീയിനി
കടവുകള്‍ തേടി അലയരുതെ
(സ്വപ്നങ്ങളേ വീണുറങ്ങൂ..)

ഈ ഗാനത്തിന്റെ ഒരു pattern കേള്‍ക്കുമ്പോള്‍ തന്നെ ദാസേട്ടന് തോന്നി കാണും വിഷാദ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ മറ്റൊരാളെ തേടേണ്ട എന്ന്. ഗാനത്തില്‍ സ്ഥായിയായ ഭാവം ദുഃഖം തന്നെ ആണ്. പക്ഷെ ഇതിന്റെ വരികള്‍ വളരെ നെഗറ്റീവ് അല്ലെ എന്ന് ഞാന്‍ ആശങ്കിച്ച് പോകുന്നു. "അധികം ചിരിക്കല്ലേ കരച്ചിലിലെക്കുള്ള പോക്കായിരിക്കും" എന്ന് കാരണവന്മാര്‍ പറയുന്ന പോലെ ഒരു ഇത്. ഏതായാലും ആകെ തകര്‍ന്നിരിക്കുമ്പോള്‍ ഈ പാട്ട് കേട്ടാല്‍ ഉള്ള പ്രതീക്ഷ കൂടെ ഇല്ലാതാവും എന്നുറപ്പ്. അത് കൊണ്ട് ഈ ഗാനം കേള്‍ക്കുമ്പോള്‍ സന്ദര്‍ഭം കൂടി മനസ്സിലാക്കി കൊണ്ട് കേള്‍ക്കുക.
വാല്‍കഷ്ണം : roommatinte ലൈന്‍ പൊട്ടി ഇരിക്കുമ്പോള്‍ ഞാന്‍ ഈ പാട്ട് പ്ലേ ചെയ്തു. കേട്ട തെറിക്കു കണക്കില്ല.

Tuesday, November 9, 2010

വരള്‍ച്ച കാണ്ഡം

"മറ്റൌഷധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി " : തൃശൂര്‍ നെല്ലായില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഔഷധ കമ്പനിയുടെ പ്രസിദ്ധമായ പരസ്യവാചകം ആണ് ഇത് . നിലവാരമുള്ള പാട്ടുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മലയാളത്തിന്റെ ഗാന ഗന്ധര്ര്‍വന്‍യേശുദാസ് തന്നെ സംഗീത സംവിധാനം ഏറ്റെടുത്ത സന്ദര്‍ഭത്തെ ഉപമിക്കാന്‍ എനിക്ക് വേറെ പഴംചൊല്ലുകള്‍ ഒന്നും കിട്ടിയില്ല. അത് കൊണ്ടാണ് ഈ പരസ്യവാചകം ഞാന്‍ കടം എടുത്തത്‌.

മലയാള ഗാനച്ചരിത്രത്തില്‍ ഒരു വരള്‍ച്ച അക്കാലത്ത് നമുക്ക് പ്രതീക്ഷിക്കാവുന്നതല്ല. ദേവരാജന്‍ മാഷ്‌, രാഘവന്‍ മാഷ്‌, ദക്ഷിനാമൂര്ര്തി സ്വാമികള്‍ എന്നിവരുടെ സ്റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയതും പുതിയ സംഗീത സംവിധായകരുടെ പരിചയ കുറവും മൂലം ഉരുത്തിരിഞ്ഞു വന്ന ഒരു താല്‍ക്കാലിക പ്രതിഭാസം ആയിരുന്നു ഈ വരള്‍ച്ച എന്ന് ഞാന്‍ മനസിലാക്കുന്നു. ഈ അവസ്ഥയില്‍ ആണ് നമ്മുടെ സ്വന്തം ദാസേട്ടന്‍ ഹാര്‍മോണിയം കയ്യില്‍ എടുത്തു കൊണ്ട് ശ്രുതി മീട്ടിയത്. സഞ്ചാരി എന്നാ ഈ ചിത്രത്തിലെ ഗാനം ശ്രദ്ദിക്കുക.


Musician (കെ ജെ യേശുദാസ് )
Lyricist(s) (യൂസഫലി കേച്ചേരി )
Year 1981
Singer(s) (കെ ജെ യേശുദാസ് )

റസൂലേ നിന്‍ കനിവാലെ
റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ [2]
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍
[2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ത്വാഹാ ...........[അള്ളാഹു അക്ബര്‍.........]
ത്വാഹാ .. ത്വാഹാ ...
ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2]
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേ ഒരു മഹാന്‍ മാത്രം
പാരാകെ പാടുകയായ്‌ വന്നല്ലോ
റബ്ബിന്‍ ദൂതന്‍ [2]
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
ഹിരാ... ഹിരാ..
ഹിരാ ഗുഹയില്‍ ഏകനായ്
ഹിരാ ഗുഹയില്‍ ഏകനായ്
തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുറാനും കൊണ്ടതാ
ജിബിരീല്‍ വന്നണഞ്ഞല്ലോ
ഹിരാ.....ഹിരാ...
റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ
റസൂലേ റസൂലേ റസൂലേ
സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി വ സല്ലം
സല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം ....

ദാസേട്ടന്‍ സംഗീത സംവിധാനം ഏറ്റവും കൂടുതല്‍ ചെയ്ത വര്‍ഷമാണ്‌ 1981 . സഞ്ചാരി ഉള്‍പ്പടെ അഞ്ചു ചിത്രങ്ങളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ദാസേട്ടന്‍ ആയിരുന്നു. അത്രയ്ക്ക് രൂക്ഷമായിരുന്നു മലയാള സിനിമയുടെ ഗാന ദൌര്‍ലഭ്യം എന്നതിന് തെളിവായി മറ്റെന്തു വേണം? ദാസേട്ടന്‍ തന്റെ കരിയറില്‍ ഉടനീളം തന്നെ സിനിമയില്‍ ഇടയ്ക്കിടെ പാടി അഭിനയിക്കാരുണ്ട്. പക്ഷെ സംഗീത സംവിധാനം അദ്ദേഹം വളരെ അപൂര്‍വമായേ നിര്‍വഹിക്കാരുള്ളൂ. പക്ക്ഷേ അദ്ദേഹം ചിട്ടപ്പെടുത്തിയ അയ്യപ്പ ഭക്തിഗാനങ്ങള്‍ കേട്ടാല്‍ തന്നെ ഉറപ്പിക്കാം ദാസേട്ടന്റെ മനസ്സില്‍ നാം ഇനിയും കേള്‍ക്കാത്ത മധുരിതമായ ഈണങ്ങള്‍ ഇനിയും ഉണ്ടാവും എന്ന്.

ഈ ഗാനം ഒറ്റ തവണ തന്നെ കേട്ടാല്‍ നമുക്ക് മനസ്സിലാവും ഇത് എന്ത് കൊണ്ടാണ് റിയാലിറ്റി ഷോവില്‍ ആരും ശ്രമിച്ചു നോക്കാത്തെ എന്ന്. ഒര്കെസ്ട്രയില്‍ അറബിക് സംഗീതത്തിന്റെയും തനതു മാപ്പിള പാട്ടിന്റെയും ഇശലുകള്‍ ഭംഗിയായി കോര്‍ത്ത്‌ ഇണക്കിയിട്ടുണ്ട് . സ്വന്തം മത പശ്ചാത്തലത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു യൌസുഫ് അലി കേച്ചേരിയുടെ മനോഹരമായ വരികള്‍ കൊണ്ടും സംബുഷ്ട്ടമാണ് ഈ ഗാനം. ഈ ജെനുസില്‍ അധികം ഗാനങ്ങള്‍ പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്നത് തന്നെ ഈ ഗാനതിനെ വേറിട്ട്‌ നിര്ത്തുന്നു.

അവസാന വാക്ക് : റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഈ ഗാനം ടെലിവിഷന്‍ ചാനലുകളില്‍ തുടര്‍ച്ചയായി ബാക്ക്ഗ്രൌണ്ടില്‍ കാണിച്ചപ്പോഴാണ്‌ എനിക്ക് ഈ ഗാനം വര്‍ഷങ്ങള്‍ക്കു ശേഷം ശ്രദ്ധയില്‍ പെട്ടത്. എന്താ കഥ!!!!!

Friday, October 22, 2010

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്

മലയാള സിനിമ ഗാന ശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം 1981 നല്ല ഗാനങ്ങള്‍ക്ക് ക്ഷാമം നേരിട്ട വര്‍ഷം ആയിരുന്നു എന്ന്. malayalasangeetham.info എന്നാ സൈറ്റ് പരിശോധിച്ചാല്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കും സ്ഥിരീകരിക്കാം. രണ്ടറ്റവും പരിശോധിച്ചപ്പോള്‍ എനിക്ക് ആകെ 2 ചിത്രങ്ങളുടെ പേരെ മനസ്സില്‍ സ്പര്ശിച്ചുള്ളൂ-തൃഷ്ണയും തേനും വയമ്പും. ഈ ബ്ലോഗ്ഗില്‍ ഓരോ വര്‍ഷത്തെയും നാല് ഗാനങ്ങള്‍ വീതം തിരഞ്ഞെടുക്കേണ്ട ഗതികേട് ഞാന്‍ നേരിടുന്നു. സന്മനസ്സുള്ളവര്‍ക്ക് സഹായിക്കാം.

തല്‍കാലം നമുക്ക് തൃഷ്ണയെ കീറിമുറിക്കാം

മ്യൂസിക്‌ : ശ്യാം

ആലാപനം : യേശുദാസ്

വരികള്‍ : ബിച്ചു തിരുമല

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ


ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

വരികള്‍ക്ക് സംസ്ഥാന അവാര്‍ഡ്‌ ബിച്ചുവിനു ഈ ഗാനവും "ഒറ്റ കമ്പി നാദവും " ചേര്‍ന്ന് നേടി കൊടുത്തു.

പക്ഷെ കമ്പ്ലീറ്റ്‌ പാക്കേജ് ആയി കണക്കാക്കിയാല്‍ ഇത് അത്ര മഹത്തരമായ ഗാനമാണോ ? എനിക്ക് സംശയമുണ്ട്‌. സിറ്റുവേഷന്‍ എന്താണെന്ന് അറിയില്ല. പക്ഷെ സംഗീതത്തെ കുറിച്ചുള്ള ഒരു ഗാനം എന്നനിലക്ക്‌ ഇതിനെക്കാളും എത്രയോ മികച്ച ഗാനങ്ങള്‍ പില്‍കാലത്ത് ഇറങ്ങിയിട്ടുണ്ട് (ഉദാ: സംഗീതമേ അമര സല്ലാപമേ, ദേവകന്യക സൂര്യതംബുരു എന്നിവ) . പക്ഷെ ശ്യാം ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വയലിന്‍ ബിട്സ് വളരെ ഹൈ ക്വാളിറ്റി ആണ് എന്ന് സമ്മതിക്കേണ്ടി ഇരിക്കുന്നു. ആലാപനവും നന്ന്.

അവസാന വാക്ക് : തമ്മില്‍ ഭേദം തൊമ്മന്‍ എന്നാവും അവാര്‍ഡ്‌ നല്‍കിയവര്‍ ചിന്തിച്ചത് . അല്ലാതെ ഇത് അത്ര മഹത്തരമായ ഗാനമാണെന്നു എനിക്ക് അഭിപ്രായമില്ല.

Friday, October 8, 2010

ഒരു രചയിതാവിന്റെ വരവും സംഗീത സംവിധായകന്റെ 'തിരിച്ച്'വരവും

പറഞ്ഞു വന്നത് ആയിരത്തി തൊള്ളായിരത്തി എന്ന്പതിന്റെ കാര്യമാണ്. ഒരു പാട്ടും കൂടെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം ആകെ ഇത്ര പാട്ടെ ഉള്ളോ എന്ന് ചോദിച്ചാല്‍ പിന്നെ എല്ലാ പാട്ടും കൊള്ളാം എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.

ദേവരാജന്‍ മാഷിനു സ്വന്തം പ്രതാപകാലം നഷ്ട്ടപ്പെട്ടു തുടങ്ങിയ സമയത്തിലൂടെ ആണ് നമ്മള്‍ യാത്ര ചെയ്യുന്നത്. തന്റെ വേണ്ടത്ര സ്റ്റോക്ക്‌ എല്ലാം മാഷ്‌ എഴുപതുകളില്‍ ഉപയോഗിച്ച് കഴിഞ്ഞു തുടങ്ങിയിരുന്നു . എങ്കിലും മരുന്നിനു ചിലത് എന്പതുകള്‍ക്ക് വേണ്ടി അദ്ദേഹം മാറ്റി വെച്ചു. അത്തരം ഒരു ലിസ്റ്റ് ഉണ്ടാക്കുകയാനെങ്ങില്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ഗാനം "ശാലിനി എന്റെ കൂട്ടുകാരി" എന്ന ചിത്രത്തിലൂടെ പുറത്തു വന്നതായിരിക്കും.

ഒരു സിനിമയും അതിലെ ഗാനവും ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയി മാറുക എന്നതിന്‌ ശാലിനി ഒരു ഉത്തമ ഉദാഹരണം ആകുന്നു. ഈ ചിത്രത്തിന് ശേഷം വേണു നാഗവള്ളിയുടെ നേതൃത്വത്തില്‍ മലയാള സിനിമയുടെ നായകന്മാരെല്ലാം തന്നെ നിരാശാ കാമുകരുടെ സംസ്ഥാന സമ്മേളനം തന്നെ നടത്തുകയല്ലായിരുന്നോ ? വലിയ ചിലവില്ലാത്ത പരിപാടിയായിരുന്നു അന്ന് നടന്മാര്‍ക്ക് അഭിനയകല : മുഖത്തില്‍ നവരസങ്ങളില്‍ ശാന്തം മാത്രം പുറത്തെടുത്താല്‍ മതിയായിരുന്നല്ലോ.


Musician G ദേവരാജന്‍ (ജി ദേവരാജന്‍ )
Lyricist(s) MD Rajendran (എം ഡി രാജേന്ദ്രന്‍ )
varsham 1980
Singer(s) KJ Yesudas (കെ ജെ യേശുദാസ് )

സുന്ദരീ....
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു (നിന്‍ തുമ്പു..)
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ (നിന്‍ തുമ്പു..)
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ.....




ഈ ഗാനം ആദ്യം ശ്രവിച്ചപ്പോള്‍ ONV യുടെ രചന ആണ് എന്നായിരുന്നു ധാരണ(മിഥ്യാ). പക്ഷെ ONV യുടെ പാട്ടുകളില്‍ എത്ര കടുത്ത പ്രയോഗങ്ങള്‍ ഉണ്ടായാലും സാധാരണ മനുഷ്യന് മനസിലാവുന്ന ഭാഷ ആയിരിക്കും. എന്നാല്‍ ഈ ഗാനത്തിന്റെ രണ്ടാം ചരണം കേട്ടപ്പോള്‍ ഉറപ്പിച്ചു ONV ആയിരിക്കില്ല എന്ന്. രാജേന്ദ്രന് തുടക്കത്തിന്റെ ആവേശമായിരുന്നു എന്നുറപ്പ്. എന്ത് കൊണ്ടോ അദ്ദേഹം ഈ മേഘലയില്‍ അത്ര സജീവം അല്ല. പക്ഷെ ഇത്രയും നല്ല വരികള്‍ സ്വന്തം യൌവ്വനത്തില്‍ എഴുതിയ രാജേന്ദ്രന്‍ എന്ത് കൊണ്ട് അനുഭവം പാഠം ആക്കി ഇപ്പോഴും എഴുതുന്നില്ല ? മലയാള സിനിമയില്‍ കോക്കസ്സുകള്‍ സജീവമാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഏതായാലും രണ്ടാം ചരണം ആരെങ്ങിലും ഒന്ന് വിശദമാക്കി തന്നാല്‍ സന്തോഷം.എനിക്ക് ഏതായാലും ഒന്നും മനസിലായില്ല.
നിശ്ചയമായും പറയാം ഈ ഗാനം MD രാജേന്ദ്രന് നല്‍കിയത് ജന്മമാനെങ്ങില്‍ ദേവരാജന്‍ മാഷിനു നല്‍കിയത് പുനര്‍ജ്ജന്മം ആയിരുന്നു.

അവസാന വാക്ക് : ഇത് വായിചിട്ടെങ്ങിലും രാജേന്ദ്രന്‍ മാഷേ പ്ലീസ് സ്വന്തം തൂലിക കയ്യിലെടുക്കു.

Thursday, September 30, 2010

മാപ്പിള പാട്ടോ അതോ അടിച്ചു പോളിയോ ?

1980 എന്ന വര്‍ഷം മലയാള സിനിമ പ്രേമികള്‍ ഓര്‍മിക്കുന്നത്‌ ജയന്റെ അകാലവും ദുരൂഹവും ആയ മരണത്തിന്റെ പേരില്‍ ആയിരിക്കും. എന്തൊക്കെ പറഞ്ഞാലും സിനിമയില്‍ സ്വന്തമായ ഒരു സ്റ്റൈലും സ്ഥാനവും അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞു. 25 വര്‍ഷത്തിനു ശേഷം ജയന്‍ ട്രെന്‍ഡ് കേരളഭൂമിയില്‍ ബെല്‍ ബോട്ടം പാന്റിന്റെയും വലിയ കോളര്‍ ഷര്‍ട്ട് രൂപത്തിലും മുഖത്തേക്കാള്‍ വലിയ കണ്ണാടിയിലൂടെയും revive ചെയ്യപ്പെട്ടപ്പോള്‍ കാലഹരണപ്പെട്ടു പോയ ചില പാട്ടുകളും നമ്മള്‍ പൊടി തട്ടി എടുത്തു. ( ഉദാ : കണ്ണും കണ്ണും , കണ്ണില്‍ വിളക്കും വെച്ച്, കസ്തൂരി മാന്‍ മിഴി മലര്‍ ശരം ). പക്ഷെ ഇവ എല്ലാം തന്നെ കാലത്തിന്റെ ട്രെണ്ടിനോപ്പം പുറത്തിറങ്ങിയ ഗാനങ്ങള്‍ ആയിരുന്നു എന്ന് നിസ്സംശയം പറയാം. 25 വര്‍ഷം ഈ ഗാനങ്ങള്‍ ശ്രവ്യ ദ്രിശ്യ മാധ്യമങ്ങളിലൂടെ ആരെങ്കിലും കേട്ടോ ? ഏതായാലും ഞാന്‍ കേട്ടിട്ടില്ല .

എന്നാല്‍ 1980 ഇല്‍ തന്നെ IV ശശിയുടെ അങ്ങാടി എന്ന ചിത്രത്തില്‍ 2 അനശ്വര ഗാനങ്ങള്‍ പുറത്തിറങ്ങി. (കന്നി പളുന്കെ പൊന്നും കിനാവേ, പാവാട വേണം ). 2 പാട്ടുകളും മാപ്പിള പാട്ട് അടിച്ചു പൊളിച്ചു പാടിയതാന്നെന്നെ തോന്നൂ. കൂടുതല്‍ ഹൃദ്യം "പാവാട " തന്നെ എന്നാണു എന്റെ അഭിപ്രായം.

ചിത്രം : അങ്ങാടി

സംഗീതം : ശ്യാം

വരികള്‍ : ബിച്ചു തിരുമല

ആലാപനം : K.J യേശുദാസ്

പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് (പാവാട.....)
കിത്താബു പഠിച്ച്‌ ഉദ്യോഗം ഭരിച്ചു സുല്‍ത്താന്‍റെ ഗമേല്‍ വരും (2)
അബുധാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി വരും
ഓന്‍ വിളിക്കുമ്പ പറന്നു വരും (അബുധാബിക്കാരന്‍....)
ബ ബ ബ (പാവാട....)
അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍
നിക്കാഹു പൊടിപൊടിക്കാം ആയിഷാന്‍റെ നിക്കാഹു പൊടിപൊടിക്കാം
അത് കയിഞ്ഞബനുമായ് സുവര്‍ക്കത്തിലിരിക്കുംബം
ഉമ്മാനെ മറക്കരുതേ നീ ഇക്കാനേം വെറുക്കരുതെ
ബ ബ ബ ...
പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
ഇക്കാന്‍റെ കരളേ ഉമ്മാന്‍റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
ആ.. മുത്താണ് നീ

നേരത്തെ സൂചിപ്പിച്ചത് പോലെ മാപ്പിള ഗാനത്തിന്റെ തിരശീലയില്‍ പെപ്പി നമ്പര്‍ മിക്സ്‌ ചെയ്തു എന്ന് വേണമെങ്ങില്‍ വാദിക്കാം. പക്ഷെ ഈ ഗാനത്തിന് ശേഷം ഇത് പോലെ കേള്‍ക്കാന്‍ കൊള്ളാവുന്ന എത്ര ഗാനങ്ങള്‍ ഈ flavourല്‍ വന്നു ? വളരെ ചുരുക്കം മാത്രം. അടിപൊളി ഗാനങ്ങള്‍ക്ക് ശബ്ദ കോലാഹലങ്ങളും മാപ്പിള ഗാനങ്ങള്‍ക്ക് ഫാത്തിമ, സാജിത, രസിയ തുടങ്ങിയ പദങ്ങളും ആവശ്യ മേമ്പോടികലായി അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് ഈ category ഇല്‍ ഉള്ള പാട്ടുകള്‍ വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ഉദ്ദേശിച്ചത് എന്തോ അത് ഉള്ള പോലെ പറയുക എന്ന രീതി ആണ് ഗാനരചയിതാവ് സ്വീകരിച്ചിട്ടുള്ളത് . കീറി മുറിച്ചു ആക്ഷേപ്പിക്കാന്‍ മാത്രം മനുഷ്യന് മനസിലാവാത്ത തരം ഉപമകളോ അലങ്കാരങ്ങളോ ഈ പാട്ടില്‍ കുത്തി നിറച്ചിട്ടില്ല. വളരെ സിമ്പിള്‍ ആയ വരികള്‍. ഇനി വിമര്‍ശിച്ചേ അടങ്ങു എന്ന ലൈന്‍ ആണെങ്ങില്‍ നമുക്ക് പറയാം " ഈ പാട്ട് സ്ത്രീ ധനം എന്ന bad customനെ പാട്ടിലൂടെ മഹത്വവല്‍ക്കരിക്കുന്നു" എന്നൊക്കെ. But അങ്ങനെ പറഞ്ഞത് കൊണ്ട് ഈ പാട്ടിന്റെ popularity കുറച്ചു കൂടെ വര്‍ദ്ധിപ്പിക്കും എന്നല്ലാതെ വേറെ ഒരു കോട്ടവും വരുത്തില്ല.
അവസാന വാക്ക് : അള്ളാ ആണേ. ഈ പാട്ട് ഞമ്മക്ക് പെരുത്ത്‌ ബോധിച്ചേക്കണ് .

Tuesday, September 28, 2010

മനസ്സില്‍ വെഞ്ചാമരം വീശി നില്‍ക്കുന്ന ഗാനം

1975 ല് ആരവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ മുതല്‍ തന്നെ ഭരതന്‍ ശക്തമായ കൂട്ടുകെട്ടുകളിലൂടെ സിനിമയെ സമ്പന്നമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് സ്വന്തം മേഘലയില്‍ പിന്നീട് ലെജെണ്ടസ് ആയി മാറിയ വ്യക്തികളെ ആണെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. തിരകഥയില്‍പദ്മരാജനും ജോണ്‍ പോളുംപുതിയ സങ്കല്പങ്ങള്‍ നെയ്തപ്പോള്‍ പശ്ചാത്തല സംഗീതത്തില്‍ ജോണ്‍സനും ഔസേപ്പച്ചനും ആത്മാവിഷ്ക്കാരം കണ്ടെത്തുകയായിരുന്നു. പില്‍കാലത്ത് രവീന്ദ്രനും ഔസേപ്പച്ചനും ജോന്സനും ഭരതന്റെ ചിത്രങ്ങളില്‍ സംഗീത വിഭാഗത്തില്‍ മാന്ത്രികത സൃഷ്ട്ടിച്ചു പോന്നു. ഭരതന്‍ ചിത്രങ്ങളില്‍ മിനിമം ഗാരന്ന്‍ടി ആയി ഒരു ഗാനമെങ്ങിലും നമുക്ക് പ്രതീക്ഷിക്കാം എന്നത് തന്നെ അദ്ദേഹത്തിന്റെ genius നമുക്ക് വെളിപ്പെടുത്തി തരുന്നു. സ്വന്തമായി ക്ലാസിക്കല്‍ കച്ചേരി വരെ നടത്തിയ ബഹുമുഖ പ്രതിഭയാണ് ഭരതന്‍ എന്ന് ഈ അടുത്ത കാലത്താണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം ചിത്രങ്ങളില്‍ സംഗീതം ഇടക്കൊക്കെ സ്വയം തന്നെ പരീക്ഷണാര്‍ത്ഥം ചെയ്തു വിജയിച്ചിട്ടും ഉണ്ട് ( കേളി, താഴ്വാരം) .

1980 ല് പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ചാമരത്തിലെഒരു നല്ല ഗാനത്തിന്റെ വരികള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.
ചിത്രം : ചാമരം
സംഗീതം : രാധാകൃഷ്ണന്‍ MG
വരികള്‍ : പൂവച്ചല്‍ ഖാദര്‍
ആലാപനം : S. ജാനകി.

മ്.....
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....

ചിത്രം കാണാത്തത് കൊണ്ട് ഗാനത്തിന്റെ സന്ദര്‍ഭം എന്താണെന്ന് നിശ്ചയം ഇല്ല. പക്ഷെ വരികള്‍ ഒരു തവണകേട്ടാല്‍ തന്നെ നമുക്ക് മനസിലാക്കാം സ്വന്തം ചുറ്റുപാടില്‍ എല്ലാം തന്റെ നാഥന്റെ സാന്നിദ്ധ്യം അറിയുന്ന നായികയുടെ കാത്തിരിപ്പാണ് സന്ദര്‍ഭം എന്ന്. ചരണങ്ങള്‍ രണ്ടും രണ്ടു വരിയില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ഈ ഗാനം ശ്രോതാവിനെ ഒരിക്കലും ബോറടിപ്പിക്കില്ല എന്നുറപ്പ്. പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒന്നാണ് ഈ ഗാനത്തിന് ജാനകിയമ്മ നല്‍കിയിരിക്കുന്ന ഫീല്‍പ്രത്യേകിച്ചും ചരണത്തിന്റെ അവസാന വരികളില്‍ശബ്ദത്തില്‍ ചില പദംഉച്ചരിക്കുമ്പോള്‍ വേണ്ടുന്ന കൊഞ്ചല്‍ ജാനകിയമ്മക്ക് ശേഷം സുജാത മാത്രമേ ഇഫെക്ടിവ് ആയി ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ ഗാനം മലയാളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കന്നവര്‍ക്ക് ഒരു ഓപ്പണ്‍ ചാലഞ്ച് ആയിരിക്കും. സംഗതിയും ശ്രുതിയും ഒക്കെ ഒരു കണക്കിന് ഒപ്പിക്കാമെന്കിലുഉം ശബ്ദത്തില്‍ ഫീല്‍ കൊണ്ട് വരനെങ്ങില്‍ ഇത്തിരി കഷ്ട്ടപ്പെടും(ഇമ്മിണി പുളിക്കും എന്നും പറയാം). പകുതി എങ്കിലും അത് പുറത്തു കൊണ്ട് വരാന്‍ ആയാല്‍ അണ്ണാച്ചി ശരത് പറയും "കൊള്ളായിരുന്നു മോളെ " എന്ന്.
വരികളില്‍ ഏറ്റവും ഹൃദ്യമായത്‌ രണ്ടാമത്തെ ചരണം ആണ്. ഇളം കാറ്റിന്റെ മൃദു സ്പര്‍ശം പോലും നാഥന്റെ സാന്നിധ്യം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്ന നായികാ സങ്കല്പം മനസ്സില്‍ കണ്ടത് ഒരു പുരുഷ കവി ആണെന്നരിയുമ്പോള്‍ അമ്പരപ്പ് തോന്നുന്നു ഒപ്പം ആരാധനയും.
30 വര്‍ഷത്തിനു ഇപ്പുറവും കാത്തിരിപ്പിന്റെ നൊമ്പരം നമ്മളില്‍ ഉണര്‍ത്തുന്ന ഒരു ഗാനമായി "നാഥാ ..."
നില്‍ക്കുന്നു എന്നത് തന്നെ ഈ ഗാനത്തിന്റെ മഹിമ വ്യക്തമാക്കുന്നു. ഇത്തരം ഗാനങ്ങള്‍ മലയാളത്തില്‍ ഇനി പിറവി എടുക്കുമോ എന്തോ . നമുക്ക് കാത്തിരിക്കാം .
സ്നേഹപൂര്‍വ്വം,
പകല്‍ മാന്യന്‍

Friday, September 24, 2010

മഞ്ഞില്‍ വിരിഞ്ഞ സംഗീതം

എൻ്റെ  ഉദ്യമം 1980 തൊട്ട്  ഇത് വരെ ഉള്ള പാട്ടുകള്‍ വിശകലനം ചെയ്യുക എന്നായതിനാല്‍ മലയാളം സിനിമയിലെ ഒരു സുപ്രധാന നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തില്‍ നിന്ന് തുടങ്ങാം.

ചിത്രം : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
ഗാനം: മിഴിയോരം

ആലാപനം : യേശുദാസ്
സംഗീതം : ജെറി അമല്‍ദേവ്
രചന : ബിച്ചു തിരുമല

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാളത്തിനു നല്‍കിയത് ഒരു രണ്ടര മണിക്കൂര്‍ സിനിമാനുഭവം മാത്രം ആയിരുന്നില്ല. ഒരു പക്ഷെ മലയാളം സിനിമ ചരിത്രത്തെ തന്നെ ഈ ചിത്രത്തിന് മുന്‍പ്, ഈ ചിത്രത്തിന് ശേഷം എന്ന രീതിയിലും നമുക്ക് വിഭാഗിക്കാം. ഒരു കൂട്ടം നവാഗതരുടെ സംരംഭമായിരുന്നു മഞ്ഞില്‍ വിരിഞ്ഞത്. അവര്‍ പില്‍കാലത്ത് മലയാള സിനിമയുടെ വാടാമലരുകലായി തന്നെ വളര്‍ന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . (ഉദാ : മോഹന്‍ലാല്‍, ഫാസില്‍, ജെറി അമല്‍ദേവ്, പൂര്‍ണ്ണിമ, സിബി മലയില്‍ തുടങ്ങിയവര്‍ ).

ഈ ചിത്രത്തിലൂടെ ജെറി അമൽദേവിനും  ദാസേട്ടനും ജാനകിയമ്മക്കും ഗുണ സിങ്ങിനും  സംസ്ഥാന അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി .
ബിച്ചു തിരുമലയുടെ വരികള്‍ സംഗീതത്തിനു ഒപ്പിച്ചു രചിച്ചതാനെന്നാണ് അറിയാന്‍ കഴിഞ്ഞത് .


മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
 മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ(മിഴിയോരം)

ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)


താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
(മിഴിയോരം)......


സംഗീതമാണോ വരികളാണോ ഈ ഗാനത്തില്‍ ഉദിച്ചു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ നിസ്സംശയം ഞാന്‍ പറയും സംഗീതം തന്നെ ആണെന്ന്. ഉപമയിലൂടെ മാതം സ്ത്രീയെ വര്‍ണിക്കുന്ന രീതി ആണ് രചയിതാവ് ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചരണത്തിലെ ആദ്യ വരി ഗാനത്തില്‍ റിപീറ്റ് പാടുന്നു എന്നത് കൊണ്ട് രചയിതാവിന്റെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

മിഴിനീരിനെ  മുകില്‍ മാലകളെ കൊണ്ടാണ് കവി സാദൃശ്യപ്പെടുത്തുന്നത്‌ . വസന്ത വനത്തില്‍ വിരിഞ്ഞ പൂവിൻറെ  കണ്ണുനീരില്‍ കാമുകൻറെ  ഹൃദയം നിലാവായി അലിഞ്ഞു പോയി. ഇനി വരാന്‍ പോകുന്ന വസന്തോല്‍സവത്തില്‍ വീണ്ടും ഞാന്‍ ഒരുങ്ങുമ്പോള്‍ മിഴിനീരു മായ്ച്ചു കളഞ്ഞു ഒരുങ്ങി നില്‍ക്കുമോ പൂവേ എന്നാണു കാമുക ഹൃദയം കാംക്ഷിക്കുന്നത്. വരികളില്‍ പൈന്കിളിതം തുളുമ്പുന്നു എന്ന് പറയാതെ വയ്യ. "അല്ല ഭായ് എന്താനു ഉദ്ദേശിച്ചത് ?" എന്ന് ആരും ചോദിച്ചു പോകുന്ന രീതിയില്‍ ആണ് രചന. ഇതൊക്കെ ആണെങ്കിലും കാമുകന്റെ ദുഖമേറിയ ചോദ്യങ്ങള്‍ക്ക് അവസാനത്തെ ചരണത്തിലൂടെ മറുപടി നല്‍കുന്ന ഒരു വരി ഉണ്ടായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു പാട്ട് ആണ് ഇത്. അതിനു സ്കോപ് ഉള്ള തരം മീറ്റര്‍ തന്നെ ആണ് ശ്രീ അമല്‍ ഈ പാട്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികള്‍ അന്ന് പ്രചാരത്തില്‍ ഇല്ലാത്തത് മൂലം ആകാം അത് പരീക്ഷിക്കപെടാതെ പോയത്.ആലാപനത്തിലെ വേദനയും ഉപകരണ സംഗീതം ബഹളമാവാതെ വേണ്ടത്ര അളവോടെ ഉപയോഗിച്ചതും രചനയിലെ പുതുമ ഇല്ലായ്മയെ ശ്രദ്ധിക്കപ്പെടുതാതെ രക്ഷിച്ചു എന്ന് വേണം കരുതാന്‍.
അവസാന വാക്ക് : With all due respect to Bichu thirumala : ഒരു പുതിയ സംഗീത സംവിധായകന്‍ എന്നാ നിലയില്‍ നോക്കുമ്പോള്‍ വളരെ നല്ല തുടക്കമായി തന്നെ ഗാനതിനെ വിശേഷിപ്പിക്കാം. ആലാപനവും സംഗീതവും നന്ന്, രചന അത്ര പോരാ.

Tuesday, September 21, 2010

ഉദ്ദേശം

ഏതൊരു പുസ്തകത്തിനും ഒരു അവതാരിക എന്ന പോലെ ആവട്ടെ എന്റെ ആദ്യത്തെ പോസ്റ്റ്. ഗാനസല്ലാപം എന്ന പേരു സൂചിപ്പിക്കും പോലെ ഞാന്‍ മലയാള ഭാഷയിലെ വിഖ്യാതാവും അവിഖ്യാതാവും ആയ ഗാനങ്ങളെ കീറിമുറിച്ചു അവലോകനം ചെയ്യാന്‍ ഉള്ള ഒരു ശ്രമം ആണ് നടത്തുന്നത്‌. ഒരു സാധാരണ മലയാളിയുടെ ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ ചെറുതല്ലാത്ത സ്വാധീനം നല്‍കുന്നുണ്ട്‌ എന്നു വിശ്വസിക്കുന്ന ഞാന്‍ തിരഞ്ഞെടൂതിരിക്കുന്നത്‌ 1980 മുതല്‍ ഇങ്ങോട്ട്‌ ഉള്ള ഗാനങ്ങള്‍ ആണ്. അതിനുള്ള കാരണം ഞാന്‍ ജീവിക്കിരിക്കുന്ന കാലഘട്ടം ഇതായത്‌ കൊണ്ട്‌ മാത്രം ആണ്. പാട്ടുകളെ നെഞ്ചോടു അടുപ്പിച്ചു കേള്‍ക്കുന്ന ഏതൊരു ബ്ലോഗ്ഗേര്‍ക്കും എന്റെ അഭിപ്രായത്തെ എതിര്‍ക്കാനും വേണമെങ്കില്‍ ഒന്നു പൊട്ടിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതാ ഞാന്‍ തന്നിരിക്‌യൂന്നു. എല്ലാ മാന്യ ബൂലോകരുടെയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ച് കൊണ്ട്‌ .
സ്നേഹപൂര്‍വം
പകല്‍മാന്യന്‍