Monday, March 14, 2011

പാശ്ചാത്യ സംഗീതത്തിന്റെ വരവ്

അന്ന് വരെ മലയാളത്തില്‍ അലയടിച്ചിരുന്നത് ശാസ്ത്രീയ സംഗീതത്തിന്റെയും നാടന്‍ ശീലുകളുടെയും ഈണങ്ങള്‍ ആയിരുന്നു. ഗാനത്തിന്റെ rendering ലും BGMലും പാശ്ചാത്യ സംഗീതം എന്നപേരില്‍ നമ്മള്‍ കേട്ടത് വയലിനും ഗിത്താറും മാത്രം ആയിരുന്നു. ഈ രീതിക്ക് സമ്പൂര്‍ണ്ണമായ ഒരു മാറ്റം കൊണ്ട് വരാന്‍ ഇളയരാജാവിനു 1982 ല്‍ പരമ്പരാഗത ചിട്ടവട്ടങ്ങളോട് മത്സരിച്ചു മല്ലടിക്കേണ്ടി വന്നു. അത് വരെ നമ്മുടെ എല്ലാം നന്ന്... പാശ്ചാത്യന്റെ എല്ലാം മോശം എന്ന മലയാളിയുടെ ചിന്തയെ പൊളിച്ചു മാറ്റിയ ഗാനങ്ങള്‍ ആയിരുന്നു ഓളങ്ങള്‍ എന്ന ചിത്രത്തിലേത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളിലും (തുമ്പി വാ, വേഴാമ്പല്‍ കേഴും, കുളിരാടുന്നു മാനത് ) പാശ്ചാത്യ സംഗീതത്തിന്റെ പ്രചോദനം വളരെ പ്രകടമാണ് . മൂന്നു ഗാനങ്ങളും everlasting ആണെങ്കിലും എനിക്കേറെ പ്രിയം "കുളിരാടുന്നു മാനത്ത്" എന്ന ഗാനം തന്നെ.

സംഗീതം : ഇളയരാജ
വരികള്‍ : ഓ എന്‍ വി കുറുപ്പ്
വര്‍ഷം :1982
ആലാപനം :കെ ജെ യേശുദാസ്‌,കോറസ്‌

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
ഉഴി‌യുന്നു നിറ താലം അഴകോലും നിറ താലം
അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം
തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍
ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ ...
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ കോടി പോലെ ഒരു പൊന്നിന്‍ തിര പോലെ
നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ
ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

വരികള്‍ എഴുതിയതിനു ശേഷം സംഗീതം നല്‍കുന്ന രീതിയെ ഏറെ ഇഷ്ട്ടപ്പെടുന്ന കവി ആണ് ONV എങ്കിലും ചില നല്ല ട്യുനുകളോട് അദ്ദേഹം സ്വയം വഴങ്ങി കൊടുക്കാറുണ്ട്. അതിനു ഏറ്റവും മികച്ച ഉദാഹരണം ആണ് ഈ ഗാനം. Rhythm pad, Base guitar തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാം വെസ്റ്റേണ്‍. ഇംഗ്ലീഷ് ശോകഗാനങ്ങളില്‍ സാധാരണയായ Base Voiceലെ rendering. ഇതൊക്കെ ആണെങ്കിലും വരികളില്‍ തുളുമ്പിയത് മലയാള തനിമ. ഒരു ഗാനം മികച്ചതാവാന്‍ ഇതില്‍ പരം വേറെ എന്ത് വേണം ? ഏത് ഗാനവും തനിക്ക്‌ ഇണങ്ങും എന്ന് ദാസ്സേട്ടനും തെളിയിക്കുകയായിരുന്നു. ഏതായാലും ഗാനം ഉപകരണ സംഗീതത്തിന്റെ ബഹളം ആവാതെ നോക്കിയതിനു ഇളയരാജ സാറിന് ആയിരം നന്ദി.

വാല്‍കഷ്ണം : പഴശ്ശി രാജ എന്നാ ചിത്രം ഒഴിച്ച് നിര്‍ത്തിയാല്‍ കൊച്ചു കൊച്ചു സന്തോഷത്തിനു ശേഷം രാജ സാര്‍ ചെയ്ത എല്ലാ മലയാള ഗാനങ്ങളും type casted ആണെന്ന തോന്നല്‍ ഉളവാക്കുന്നു. അദ്ദേഹത്തിന്റെയും സ്റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയോ എന്നൊരു സംശയം.

No comments:

Post a Comment